Kerala
തിരുവനന്തപുരം: വൈറ്റില മേൽപ്പാലത്തിന്റേത് അശാസ്ത്രീയ നിർമാണമാണെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. പാലം എത്രയും പെട്ടെന്ന് തല്ലിപ്പൊളിച്ച് നീക്കണമെന്നും ഗണേഷ്കുമാർ പറഞ്ഞു.
പാലത്തിന്റെ തൂണുകൾ സ്ഥാപിച്ചതിൽ ഗുരുതര പിഴവുണ്ടെന്നും പാലത്തിന് താഴെ വാഹനം തിരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും മന്ത്രി വിമർശിച്ചു. അശാസ്ത്രീയ നിർമാണം തിരുത്താൻ ഒന്നരക്കോടി രൂപ അനുവദിച്ചതായും ഗണേഷ് കുമാർ വ്യക്തമാക്കി.
അശാസ്ത്രീയമായ റോഡ് നിർമാണം അപകടങ്ങൾ വർധിപ്പിക്കുന്നതായി ഗതാഗത മന്ത്രി പറഞ്ഞു. റോഡ് നിർമാണത്തിലെ പ്ലാനിംഗ് കുറവ് മൂലം ബ്ലാക്ക് സ്പോട്ടുകൾ വർധിച്ച് വരുന്നുണ്ട്. പുതുതായി നിർമിക്കുന്ന റോഡുകളിൽ പോലും ആറോളം ബ്ലാക്ക് സ്പോട്ടുകൾ ഉണ്ടാകുന്നുവെന്നും മന്ത്രി പറഞ്ഞു.
സിവിൽ എഞ്ചിനീയറിംഗിൽ റോഡ് ഡിസൈനിംഗ് കൂടി ഉൾപ്പെടുത്തണം. റോഡ് ഡിസൈനിംഗ് എവിടെയും പഠിപ്പിക്കുന്നില്ല. ഇതിന് ഗതാഗത വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകും. ഇന്നത്തെ റോഡ് ഡിസൈനിംഗ് പലപ്പോഴും ഗൂഗിൾ മാപ്പ് നോക്കിയാണെന്നും മന്ത്രി പരിഹസിച്ചു.
District News
വൈക്കം: നിർദിഷ്ട തുറവൂർ-പമ്പ സംസ്ഥാന പാതയുടെ ഭാഗമായ നേരേകടവ്- മാക്കേക്കടവ് കായൽപാലം നിർമാണവുമായി ബന്ധപ്പെട്ട അവസാന ഗർഡറും ഇന്നലെ നേരേകടവ് ഭാഗത്ത് സ്ഥാപിച്ചു. പാലത്തിന് ആകെ 22 സ്പാനുകളാണുള്ളത്.
ഇതിൽ 20ാം സ്പാനിന്റെ മേൽത്തട്ട് കോൺക്രീറ്റിംഗിനുള്ള ജോലികൾ പുരോഗമിക്കുന്നതിനൊപ്പം നേരേകടവ് ഭാഗത്തെ 150 മീറ്റർ അപ്രോച്ച് റോഡ് നിർമിക്കുന്നതിനുള്ള സംരക്ഷണഭിത്തി കെട്ടുന്നതിനുമുള്ള നടപടികളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
മാക്കേക്കടവിൽ അപ്രോച്ച് റോഡ് നിർമാണനടപടികൾ ഉടൻ ആരംഭിക്കും. പാലത്തിന്റെ കൈവരികൾ നിർമിക്കുന്ന ജോലികൾ മാക്കേക്കടവിലെ യാഡിൽ പുരോഗമിക്കുകയാണ്. അടുത്ത മാസം അവസാനത്തോടെ നിർമാണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്.
11.23 മീറ്റർ വീതിയിലാണ് നേരേകടവ് - മാക്കേക്കടവ് പാലം നിർമിക്കുന്നത്. 98.09 കോടി രൂപ ചെലവിൽ സംസ്ഥാന പൊതുമരാമത്ത് പാലം വിഭാഗമാണ് നിർമാണം നടത്തുന്നത്. വർഷങ്ങൾ നീണ്ട കേസുകളും തർക്കങ്ങളുമായി നിലച്ച നിർമാണം 2024 മാർച്ചിലാണ് പുനരാരംഭിച്ചിത്.
നേരേകടവ് മുതൽ ഉദയനാപുരംവരെ നീളുന്ന രണ്ടര കിലോമീറ്റർ റോഡിന് നിലവിൽ നാലു മീറ്റർ വീതി മാത്രമാണുള്ളത്. റോഡിന്റെ വശങ്ങളിൽനിന്നു ഭൂമി ഏറ്റെടുത്ത് 11 മീറ്റർ വീതിയിൽ നിലവിലുള്ള കലുങ്കുകൾ പുതുക്കിപ്പണിത് ആധുനിക നിലവാരത്തിലുള്ള റോഡ് നിർമിക്കുന്നതിന് ഏകദേശം 85 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ഈ പദ്ധതി സർക്കാരിന്റെ സജീവ പരിഗണനയിലാണ്. വരുന്ന ബജറ്റിൽ ഈ പദ്ധതി സർക്കാർ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള റോഡിന്റെ പരമാവധി വീതിയിൽ ബിഎംആൻഡ് ബിസി നിലവാരത്തിൽ മറ്റ് അനുബന്ധ പ്രവർത്തികളടക്കം പൂർത്തീകരിക്കാൻ ആവശ്യമായ നടപടികളും സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു.
ഇന്നലെ രാവിലെ നേരേകടവിൽ പാലത്തിന്റെ അവസാന ഗർഡർ സ്ഥാപിക്കുന്നതിന്റെ സന്തോഷം പങ്കിടാൻ മുൻ എംപി എ.എം. ആരിഫ്, എംഎൽഎമാരായ സി.കെ.ആശ, ദലീമ തുടങ്ങിയവർ എത്തിയിരുന്നു.
Kerala
കൊച്ചി: അരൂര് - തുറവൂര് ഉയരപ്പാത നിര്മാണത്തിന്റെ അവസാന അഞ്ച് ഫില്ലറുകളില് ഗര്ഡറുകള് സ്ഥാപിക്കുന്നതിനാല് അരൂര് ബൈപ്പാസില് വന് ഗതാഗത കുരുക്ക്. തോപ്പുംപടി ഭാഗത്തു നിന്ന് വരുന്ന കെഎസ്ആര്ടിസിയും സ്വകാര്യ ബസുകളും അരൂര് ബൈപ്പാസില് നിന്നും കുമ്പളം വഴി അരൂരിലെത്തിയാണ് ചേര്ത്തല പൂച്ചാക്കാല് ഭാഗത്തേക്ക് പോകുന്നത്.
ഇതാണ് ഗതാഗത കുരുക്കിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ദേശീയപാത 66 കിഴക്ക് ഭാഗം പൂര്ണമായി അടച്ചിരിക്കുന്നതിനാൽ ഇവിടെയും ഗതാഗതക്കുരുക്കാണ്. അരൂര് ക്ഷേത്രം ജംഗ്ഷന് മുതല് കുമ്പളം ടോള് പ്ലാസ വരെയും വാഹനങ്ങളുടെ നീണ്ട നിരയാണ്.
അരൂര് ബൈപ്പാസില് നിര്ത്തേണ്ട കെഎസ്ആര്ടിസിയും സ്വകാര്യ ബസുകളും അരൂര് മാര്ക്കറ്റിന് സമീപമാണ് നിര്ത്തുന്നത്. ഗര്ഡറുകള് സ്ഥാപിച്ച് കോണ്ക്രീറ്റ് ചെയ്യുന്നതിന് ഒരു മാസം വേണ്ടി വരും. ഈ ഭാഗത്തു തന്നെയാണ് അപ്രോച്ച് റോഡിന്റെയും ജോലി നടക്കുന്നത്.
National
ബംഗളൂരു: കര്ണാടകയിലെ കോലാറില് ശബരിമല തീര്ഥാടകർ സഞ്ചരിച്ച കാര് ഫ്ലൈ ഓവറില് നിന്ന് മറിഞ്ഞ് നാലുപേര്ക്ക് ദാരുണാന്ത്യം. മാലൂര് താലൂക്കിലെ അബ്ബെനഹള്ളി ഗ്രാമത്തില് തിങ്കളാഴ്ച പുലര്ച്ചെ 2.15 നായിരുന്നു സംഭവം.
മരിച്ച നാലുപേരും സുഹൃത്തുക്കളാണെന്ന് പോലീസ് പറഞ്ഞു. അപകടം നടന്ന ഉടൻ തന്നെ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.
Kerala
ആലപ്പുഴ: അരൂർ- തുറവൂർ മേൽപ്പാത നിർമാണത്തിനിടെ ഗർഡർ വീണുണ്ടായ അപകടം അങ്ങേയറ്റം വേദനയുണ്ടാക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഏത് സമയത്തും അപകടം എന്ന പേടിയിലായിരുന്നു. കേന്ദ്രത്തിനു പല തവണ കത്തെഴുതിയെന്നും പല പ്രാവശ്യം മുന്നറിയിപ്പ് കൊടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യ ജീവന് ഒരു വിലയും കൊടുക്കാത്ത സമീപനമാണ് ഉണ്ടായത്. അപകടം നടന്ന സ്ഥലത്ത് സൈൻ ബോർഡുകൾ പോലുമില്ല. പിഎസി യോഗം കൂടിയപ്പോഴും പറഞ്ഞിരുന്നു. സർവീസ് റോഡുകൾ മെച്ചപ്പെടുത്തി എടുക്കേണ്ടതാണെന്നും അതും അവിടെ ചെയ്തില്ലെന്നും വേണുഗോപാൽ പറഞ്ഞു.
ഇനിയും അപകടം ഉണ്ടാവാൻ പാടില്ല. സർക്കാരിന്റെ ആകെയുള്ള ലക്ഷ്യം മേൽപ്പാത പൂർത്തീകരിക്കുക മാത്രമാണ്. സുരക്ഷ ഉറപ്പാക്കാതെയാണ് നിർമാണം. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടലുകൾ നടത്തണമെന്നും കെ.സി കൂട്ടിച്ചേർത്തു.